ടെൻഷൻ ഇല്ലാതാക്കാൻ ഒരു പെഗ് !! ഡോക്ടർ ബിനോ മേരി ചാക്കോ
പിന്നീടുള്ള കാലം ഒരുപാടു ടെൻഷനുകളിലേക്കുള്ള ഇൻവിറ്റേഷൻ ആയിരിക്കും ആദ്യത്തെ ആ പെഗ്; അതിനാൽ മദ്യം ഒരഭയ കേന്ദ്രം അല്ല എന്ന് പറയുന്നു, മദ്യപാനത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ എന്തെല്ലാമാണ് എന്ന് പറയുന്നു, വർധിച്ചു വരുന്ന രോഗങ്ങളെ കുറിച്ചും പറയുന്നു ഡോക്ടർ ബിനോ മേരി ചാക്കോ

ആരംഭം
ചിലർ മദ്യപാനം ആരംഭിക്കുക ലളിതമായ ചില യുക്തികൾ പറഞ്ഞുകൊണ്ടാണ് .അതിൽ ഒന്നാണ് ടെൻഷൻ ഇല്ലാതാക്കാൻ ഒരു പെഗ്. അവർ ഓർക്കേണ്ട കാര്യം പിന്നീടുള്ള കാലം ഒരുപാടു ടെൻഷനുകളിലേക്കുള്ള ഇൻവിറ്റേഷൻ ആയിരിക്കും ആദ്യത്തെ ആ പെഗ് എന്നതാണ്.
വിഷാദത്തിൽ ആണെങ്കിൽ
മറ്റൊന്ന് നിങ്ങൾ വിഷാദത്തിൽ ആണെങ്കിൽ അല്ലെങ്കിൽ ഉത്കണ്ഠയ്ക്ക് ചികിത്സയിലാണെങ്കിൽ മദ്യപാനം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വിഷാദം വിഷാദ രോഗമാക്കുവാൻ മദ്യത്തിന് കഴിയും.

വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ എന്നപോലെ തന്നെ ലഹരി ഉപയോഗത്തിന്റെ കാര്യത്തിലും കേരളം ഇന്ത്യയിൽ പലപ്പോഴും ഒന്നാം സ്ഥാനത്തേക്ക് വരുന്നു എന്നത് നമുക്ക് നാണക്കേടുണ്ടാക്കുന്ന കാര്യമാണ് . കേരളം ഉപയോഗിക്കുന്ന ലഹരിയിൽ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു മദ്യം.
എന്താണ് മദ്യം ?
കേന്ദ്ര നാഡീ വ്യവസ്ഥയെ തളര്‍ത്തുന്ന, സുബോധമുള്ള മനുഷ്യനെ ബോധരഹിതനാക്കുന്ന എഥനോള്‍ എന്ന രാസവസ്തു ആണ് മദ്യം. മദ്യം കുടിച്ചു കഴിഞ്ഞു അകത്തു ചെന്നുകഴിയുമ്പോള്‍ അത് പലഘട്ടങ്ങളിലൂടെ ഓക്സീകരണം സംഭവിച്ച് ജലം, കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവയായി മാറുന്നു. മദ്യത്തെ നിര്‍വീര്യമാക്കുന്ന പ്രക്രിയയില്‍ ആല്‍ക്കഹോള്‍ ഡീ ഹൈഡ്രോജെനൈസ് എന്‍സൈമുകള്‍ പ്രവര്‍ത്തിക്കുന്നു. ഒക്സീകരണത്തിലൂടെ എഥനോള്‍ അസറ്റാള്‍ഡീഹൈഡ് ആയി മാറ്റുകയും വീണ്ടും തുടര്‍ന്ന്‍ ഇത് എഥനോയിക്ക് ആസിഡ് അഥവാ അസറ്റിക് ആസിഡ് ആയി മാറുകയുമാണ് ചെയ്യുന്നത്.
മദ്യപാനത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍
മദ്യം കൊളസ്ട്രോളിനെ ഇല്ലായ്മ ചെയ്യും, ഭക്ഷണത്തിനു ശേഷം അല്പം മദ്യം കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്, ഷുഗര്‍ വരാതിരിക്കാനും ഷുഗര്‍ കുറയാനും നല്ലതനാണ്, ടെന്‍ഷന്‍ ഇല്ലാതാക്കാന്‍ നല്ലതാണ് എന്നിങ്ങനെ ചില ധാരണകളുണ്ട്. ഇവ തികച്ചും തെറ്റിധാരണകള്‍ മാത്രമാണ്.

മദ്യപാനം മൂലം ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങള്‍
ബന്ധങ്ങള്‍ ശിഥിലമാകുന്നു, ദേഷ്യം കൂടുന്നു, ആക്രമാണോൽസുകതാ മനോഭാവം വളരുന്നു, സാമ്പത്തിക നഷ്ടം, കട ബാധ്യത, അപകട സാധ്യത വര്‍ദ്ധിക്കുന്നു, സെക്ഷ്വല്‍ ഡിസെബിലിറ്റി, അഡിക്ഷന്‍, വിറയല്‍, ഓര്‍മക്കുറവ് തുടങ്ങി നിരവധി പ്രശ്നങ്ങളാണ് മദ്യപാനത്തിന്റെ മറ്റ് അനന്തര ഫലങ്ങൾ
കരളേ .. കരളിന്റെ കരളേ …
അവയവങ്ങള്‍ക്കുണ്ടാകുന്ന തകരാറുകളാണ് മറ്റൊരു പ്രധാന പ്രശ്നം. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ആയ കരള്‍ തകരാറില്‍ ആകുന്നു. ശരീരത്തില്‍ ചെയ്യേണ്ടുന്ന പല പ്രധാന ജോലികളും മാറ്റി വച്ചുകൊണ്ടാണ് കരള്‍ മദ്യം നിര്‍വീര്യമാക്കാന്‍ ജോലി ചെയ്യേണ്ടി വരുന്നത്. കൊഴുപ്പിനെ നിര്‍വീര്യമാക്കുന്ന കരളിന്‍റെ ജോലി നടക്കാതെവരികയും തല്‍ഫലമായി കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുകയും അത് ഫാറ്റി ലിവര്‍ ആയി മാറുകയും ചെയ്യുന്നു. കരള്‍ കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുകയും ക്രമേണ അത് ലിവര്‍ സിറോസിസ് അഥവാ കരള്‍വീക്കം ആയി മാറുകയും ചെയ്യുന്നു.

പാന്‍ക്രിയാറ്റൈറ്റിസ്
മറ്റൊരു പ്രധാന ദൂഷ്യമാണ് പാന്‍ക്രിയാസ് അഥവാ ആഗ്നേയ ഗ്രന്ധിക്ക് ഉണ്ടാകുന്ന അസുഖം. പാന്‍ക്രിയാസ് ഗ്രന്ഥി നശിക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗം പാന്‍ക്രിയാറ്റൈറ്റിസ് എന്ന് ആണ് അറിയപ്പെടുന്നത്. ഈ രോഗികള്‍ അനുഭവിക്കുന്ന വേദന കണ്ടുനില്‍ക്കാന്‍ പോലും പ്രയാസമുള്ളതാണ്.
കേരളത്തില്‍ പാന്‍ക്രിയാസ് രോഗികളുടെ വര്‍ദ്ധിച്ചു വരുന്ന തോത് ആശങ്ക ഉളവാക്കുന്നതാണ്. ആധുനിക വൈദ്യശാസ്ത്രത്തോട് മദ്യം മനുഷ്യന്‍റെ ശരീരത്തിനു ആവശ്യമാണോ എന്ന് ചോദിച്ചാല്‍ തികച്ചും ആവശ്യമില്ല എന്ന ഉത്തരമാണ് നല്‍ക്കാന്‍ കഴിയുക. മനുഷ്യന്‍റെ മാനസിക നിലയെ അവതാളത്തില്‍ ആക്കുന്ന ഒന്നാണ് മദ്യപാനം.
മനുഷ്യന്‍റെ തലമുടി മുതല്‍ പാദം വരെ അകത്തും പുറത്തുമുള്ള എല്ലാ അവയവങ്ങള്‍ക്കും മദ്യപാനം ദൂഷ്യം ചെയ്യുന്നു. അതില്‍ ഏറ്റവും അധികം കേടുവരുന്നത് തലച്ചോറിനാണ്. മദ്യം തലച്ചോറിനെ ബാധിക്കുന്നതു മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അനവധിയാണ്. സംശയ രോഗം, ഉത്കണ്ഠ, ഉറക്കക്കുറവ്, വിറയല്‍ എന്നിവ കൂടാതെ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന പല മാനസിക ആസ്വസ്ഥതകളും വീണ്ടും കൂടുതല്‍ ശക്തിയോടെ വീണ്ടും വരികയും ചെയ്യുന്നു.

ഇപ്പോൾ മുതിർന്നവരിൽ മാത്രമല്ല യുവാക്കളിലും സ്കൂൾ കുട്ടികൾക്കിടയിലും മദ്യപാനം വർധിച്ചു വരുന്നതായിട്ട് കാണപ്പെടുന്നു. ജീവിതമാണ് ലഹരി എന്ന ഉത്തമ ബോധ്യത്തിൽ, ഫലപ്രദമായ മുൻകരുതലുകൾ എടുത്താൽ മാത്രമേ മദ്യപാനാസക്തി ഈ സമൂഹത്തിൽ നിന്നും ഇല്ലായ്മ ചെയ്യുവാൻ സാധിക്കുകയുള്ളു.
ഡോക്ടർ ബിനോ മേരി ചാക്കോ
വാൽക്കഷണം
ലഹരി ഉപയോഗത്തില്‍ കേരളം ഇന്ന് ഇന്ത്യയില്‍ മുൻ നിര സ്ഥാനത്താണ്. രാജ്യത്തെ ജനസംഖ്യയുടെ നാല് ശതമാനത്തില്‍ താഴെ മാത്രമേ കേരളത്തിലുള്ളൂ എങ്കിലും മദ്യവില്‍പനയുടെ 16 ശതമാനവും ഇവിടെയാണ്. ദേശീയ ശരാശരിയുടെ മൂന്നിരട്ടി മദ്യമാണ് മലയാളികള്‍ ഉപയോഗിക്കുന്നത്. ആളോഹരി മദ്യപാനത്തില്‍ ഒന്നാംസ്ഥാനത്തുണ്ടായിരുന്ന പഞ്ചാബിനെ പിന്തള്ളി 8.3 ലിറ്ററുമായി കേരളം നേരത്തെ ഒന്നാം സ്ഥാനം നേടിയിരുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം 14,508 കോടിയുടെ മദ്യമാണ് (2018- 2019 സാമ്പത്തിക വർഷം) കേരളം കുടിച്ചത് ഇത് സർവ കാല റെക്കോർഡ് ആണ്.
മദ്യപാനം മൂലം കേരളത്തില്‍ എട്ട് ലക്ഷം പേര്‍ കരള്‍ രോഗികളായി മാറി. ഹൃദ്‌രോഗികളുടെ എണ്ണം 50 ശതമാനം വര്‍ധിച്ചു. മുപ്പതിനായിരം പേരാണ് പ്രതിവര്‍ഷം ഹൃദ്‌രോഗം മൂലം മരിക്കുന്നത്. ജനസംഖ്യയുടെ 3.1 ശതമാനം മാത്രമുള്ള കേരളത്തിലാണ് ആത്മഹത്യയുടെ 10 ശതമാനവും നടക്കുന്നത്. ഒരു ലക്ഷത്തില്‍ 25.3 പേര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നു. കുടുംബ ആത്മഹത്യക്കു പിന്നിലും മദ്യമാണ്.
അപ്പോൾ മദ്യം നൽകുന്നത് ആശ്വാസമല്ല, നിരാശയും അവസാനവും ആണ്.
Courtesy: http://www.kochikkaryam.com/news/1912